സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ പോളിങ് ആറ് മണിക്കൂര്‍ പിന്നിട്ടു. കൊടുംചൂടിനെ അവഗണിച്ച് മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര കാണാം. ഉച്ചയ്ക്ക് ഒരു മണി വരെ 38.01 ആണ് പോളിങ് ശതമാനം. 40.16 ശതമാനം പോളിങ് രേഖപ്പെടുത്തിയ ആറ്റിങ്ങലാണ് മുമ്പില്‍. എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് 35 ശതമാനം കടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായാണ് തുടരുന്നത്.
എന്നാല്‍ എറണാകുളം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുതുവൈപ്പിനിലെ സാന്താക്രൂസ് ഹൈസ്കൂളിലെ ബൂത്ത് നമ്പര്‍ 132ലാണ് സംഭവം. ഇവിടെ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി തങ്കമ്മയുടെ വോട്ടാണ് മറ്റാരോ ചെയ്തെന്ന ആരോപണം ഉയര്‍ന്നത്. തന്റെ വോട്ട് മറ്റാരോ ചെയ്തെന്നും ഇതു ചെയ്തത് ആരാണെന്ന് കണ്ടെത്തണമെന്നും തങ്കമ്മ പറഞ്ഞു. സിസിടിവി ഉള്ളതിനാല്‍ ആരാണ് കള്ളവോട്ട് ചെയ്തത് എന്ന് കണ്ടെത്താന്‍ പറ്റിയേക്കും എന്നാണ് പ്രതീക്ഷ. തങ്കമ്മയ്ക്ക് പകരം വോട്ടു ചെയ്യാനുള്ള സംവിധാനം ശരിയാക്കി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രാവിലെ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ തൊട്ടേ മുതിര്‍ന്ന നേതാക്കളും സ്ഥാനാര്‍ഥികളും കുടുംബത്തോടെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പിണറായി ആര് സി അമല സ്കൂള്‍ ബൂത്തില്‍ വോട്ട് ചെയ്തു. ചാലക്കുടിയിലെത്തി രവീന്ദ്രനാഥും കുടമാളൂര്‍ 117-ാം നമ്പര്‍ ബൂത്തില്‍ ഭാര്യക്കൊപ്പമെത്തി മുതിര്‍ന്ന സിപിഐഎം നേതാവ് വൈക്കം വിശ്വനും വോട്ട് രേഖപ്പെടുത്തി.
രാവിലെ തന്നെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ചങ്ങനാശ്ശേരി വാഴപ്പള്ളി തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കുളിലെ 27-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മാണി സി കാപ്പന് എംഎല്‍എ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാനാട്ടുപാറ ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ 119-ാം നമ്പര്‍ ബൂത്തിലായിരുന്നു മാണി സി കാപ്പന്റെ വോട്ട്. കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
1 PM വരെയുള്ള പോളിങ് ശതമാനം( മണ്ഡലം തിരിച്ചുള്ള കണക്ക്)
1. തിരുവനന്തപുരം-37.20
2. ആറ്റിങ്ങല്‍-40.16
3. കൊല്ലം-37.38
4. പത്തനംതിട്ട-37.99
5. മാവേലിക്കര-38.19
6. ആലപ്പുഴ-39.90
7. കോട്ടയം-38.25
8. ഇടുക്കി-38.34
9. എറണാകുളം-37.71
10. ചാലക്കുടി-39.77
11. തൃശൂര്‍-38.35
12. പാലക്കാട്-39.71
13. ആലത്തൂര്‍-38.33
14. പൊന്നാനി-33.56
15. മലപ്പുറം-35.82
16. കോഴിക്കോട്-36.87
17. വയനാട്-38.85
18. വടകര-36.25
19. കണ്ണൂര്‍-39.44
20. കാസര്‍ഗോഡ്-38.66