യുഎഇയില്‍ ന്യൂനമര്‍ദത്തിന്റെ ഭാഗമായുള്ള കനത്ത മഴ രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഉള്‍പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
ബുറൈമി, ദോഫാര്‍ എന്നീ ഗവര്‍ണറേറ്റുകളില്‍ അതിരാവിലെതന്നെ മഴ ലഭിച്ചിരുന്നു. മറ്റ് ഗവര്‍ണറേറ്റുകളില്‍ ഉച്ചയോടെയാണ് കരുത്താര്‍ജിച്ചത്. കനത്ത മഴ മുന്നറിയിന്റെ പശ്ചാത്തലത്തില്‍ അല്‍വുസത ഒഴികെയുള്ള എല്ലാ ഗവര്‍ണറേറ്റുകളിലെയും സ്കൂളുകളില്‍ ഓണ്‍ലൈനിലൂടെയാണ് പഠനം നടത്തിയിരുന്നത്.
മുവാസലാത്ത് ഇന്റര്‍ സിറ്റി ബസ് സര്‍വിസ് ചില റൂട്ടുകളില്‍ റദ്ദാക്കി. റൂട്ട് 36: മസ്കത്ത്-ജഅലാന്‍ ബാനി ബു അലി, റൂട്ട് 55: മസ്കത്ത്-സൂര്, റൂട്ട് 203: മസ്കത്ത്-ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള ഇന്റര്‍സിറ്റി ബസ് സര്‍വിസ് ആണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇത് പുനരാരംഭിക്കുന്നത് കമ്പനിയുടെ സമൂഹ മാധ്യമ പേജുകളിലൂടെ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സലാലയുടെ നഗരപ്രദേശങ്ങളില്‍ മഴ രാവിലെയാണ് ആരംഭിച്ചത്. സദ, ഔഖത്ത് തുടങ്ങിയ ഭാഗങ്ങളിലും മഴ തുടങ്ങിയിട്ടുണ്ട്. സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്തത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കിയ മുന്നറിയിപ്പനുസരിച്ച് രാവില 10 മുതല്‍ രാത്രി 10 വരെ 30-80 മില്ലി മീറ്റര്‍ മഴ ലഭിച്ചേക്കും. താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും വാദികള്‍ മുറിച്ച് കടക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ക്രൈസിസ് മാനേജ്മെന്റും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.