പ്രതിപക്ഷ മുന്നണിയുടെ താര പ്രചാരകനായി കെജ്രിവാള്
കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. അതിപ്പോള്‍ തെളിഞ്ഞ് കഴിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികളെ ലോകം ഒരുപാട് കണ്ടിട്ടുണ്ട്. അത്തരമൊരു പട്ടികയിലേക്കാണ് നരേന്ദ്ര മോദിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ഇന്ത്യയിലെ കരുത്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് വിശേഷിപ്പിച്ച അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇപ്പോള്‍ നിറയുന്നത് ഡല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ നിലപാടുമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെ അത്ഭുതത്തോടെയും ആശങ്കയോടെയുമാണ് ലോക രാജ്യങ്ങളും നോക്കി കാണുന്നത്. അതുകൊണ്ടാണ്, കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ജര്‍മ്മനിക്കും അമേരിക്കയ്ക്കും പിന്നാലെ ഐക്യരാഷ്ട്രസഭയും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
ഇക്കാര്യത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് മോദി സര്‍ക്കാറും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലപാടില്‍ നിന്നും ഈ രാജ്യങ്ങളൊന്നും പിന്മാറിയിട്ടില്ല. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്ന ഉപരാഷ്ട്രപതിയുടെ അഭിപ്രായം അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം ഒരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നതും അദ്ദേഹം ചിന്തിക്കേണ്ടതുണ്ട്.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല ഇന്ത്യ ജനസംഖ്യയിലും ഒന്നാം നിലയില്‍ തന്നെയാണ് ഇന്ത്യയുടെ സ്ഥാനം. അതുകൊണ്ടു തന്നെ ഉത്തരവാദിത്വവും വളരെ കൂടുതലാണ്.
ലോകത്തെ ജനാധിപത്യ ബോധം പഠിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ആ ഇന്ത്യയില്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍, അതിനെ ആദ്യം എതിര്‍ക്കുന്നതും രാജ്യത്തെ ജനങ്ങള്‍ തന്നെ ആയിരിക്കും. കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട റാലിയും ഇതിന്റെ ഭാഗമാണ്. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ റാലിയില്‍ വന്‍ ജനപങ്കാളിത്വമാണ് ഉണ്ടായിരിക്കുന്നത്. ലോക മാധ്യമ ശ്രദ്ധയും ഈ റാലിയിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇതൊരു അസാധാരണ സ്ഥിതിവിശേഷം തന്നെയാണ്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിയ ഭരണകൂടമാണ് മോദി ഭരണകൂടമെന്ന് പറയുന്നവര്‍ നിലവിലെ ഈ അവസ്ഥയ്ക്കും മറുപടി പറയേണ്ടതുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടേയും പൗരന്മാരുടേയും അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞിരിക്കുന്നത്. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. കെജ്രിവാളിന്റെ അറസ്റ്റില്‍ സുതാര്യമായ നിയമപ്രക്രിയ വേണമെന്ന നിലപാട് ഇന്ത്യയുടെ പ്രതിഷേധത്തിനിടയിലും അമേരിക്ക വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ജര്‍മന്‍ വിദേശകാര്യമന്ത്രാലയ വക്താവും സമാനമായ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഈ പ്രസ്താവനയിലുള്ള ശക്തമായ പ്രതിഷേധം കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ട്.
എന്നാല്‍, സാമ്രാജ്യത്വ ശക്തികള്‍ക്ക് അതിനുള്ള അവസരം ഉണ്ടാക്കി കൊടുത്തതിന് മോദി ഭരണകൂടം ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്.
മോദി മൂന്നാംതവണയും അധികാരത്തില്‍ വരുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു എങ്കില്‍ ഒരു കാരണവശാലും കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടാവുമായിരുന്നില്ല. ലോകസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പ് പ്രതിപക്ഷത്തിന് വലിയ രാഷ്ടീയ ആയുധം നല്കുന്ന നിലപാട് വിവേകമുള്ള ഒരു ഭരണകൂടവും ചെയ്യുകയില്ല. ആ അബദ്ധമാണ് മോദി ഭരണകൂടം ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കെജ്രിവാള് എന്ന ഡല്‍ഹി മുഖ്യമന്ത്രിയെ തന്റെ എതിരാളിയായി നരേന്ദ്ര മോദി പ്രഖ്യാപിച്ച കാഴ്ചയാണിത്.
ഡല്‍ഹിക്കു പുറമെ, പഞ്ചാബ് ഭരണം കൂടി പിടിച്ച ആം ആദ്മി പാര്‍ട്ടി മോദിയുടെയും അമിത് ഷായുടെയും സ്വന്തം തട്ടകമായ ഗുജറാത്തില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സ്വാധീനമാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ മുന്നണിയുടെ താര പ്രചാരകനായി കെജ്രിവാള് ഇറങ്ങിയാല്‍ അതൊരു വലിയ മുന്നേറ്റമാകുമെന്ന് മോദി ഒരു പക്ഷേ മനസ്സിലാക്കിയിരിക്കണം. അതുകൊണ്ടാകണം, കെജ്രിവാളിനെ അകത്താക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരിക്കലും 400 സീറ്റുകള്‍ ബി.ജെ.പി മുന്നണിക്ക് കിട്ടാന്‍ പോകുന്നില്ല. രാജ്യത്തെ നിലവിലെ രാഷ്ട്രീയ ചിത്രം അതാണ് സൂചിപ്പിക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യം അധികാരത്തില്‍ വരുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ പതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. അതിന് വഴി ഒരുക്കിയതാെ ബി.ജെ.പിയുമാണ്. അതെന്തായാലും പറയാതെ വയ്യ . . .