മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ ‘ബസൂക്ക’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൈയില്‍ തോക്കും പിടിച്ച് നില്ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. നവാഗതനായ ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ആദ്യമായാണ് ഗൗതം മേനോൻ അഭിനയിക്കുന്നത്.
ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഡീനൊ ഡെന്നിസ് ആണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനൊ ഡെന്നിസ്. കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ബസൂക്ക നിർമിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. കൊച്ചിയും ബാംഗ്ളൂരുമാണ് ലൊക്കേഷനുകൾ.